Monday, July 6, 2020

കൊടകരപുരാണവും ദുബായ് ഡെയ്സും - Kindle Edition

കൊടകരപുരാണത്തിന്റേയും ദുബായ് ഡെയ്സിന്റേം കിൻഡിൽ എഡിഷൻ ലിങ്ക്:

https://www.amazon.com/author/sajeevedathadan

Thursday, July 2, 2020

കുറ്റബോധം.

വചനോത്സവം സ്‌പെഷല്‍ പ്രഭാഷണം നടത്താനെത്തിയ കപ്പൂച്ചി അച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ അമ്മാമ്മ മുന്‍‌വരിയിലിരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷം.

‘ആലീസ് ദിവസേനെ പള്ളിയില്‍ പോകുന്നോളും നല്ലപ്രായത്ത് കാണാന്‍ മിടുക്കിയുമായിരുന്നു. എന്നിട്ടും മരിച്ചപ്പോള്‍ നേരെ നരകത്തിലേ പോയിക്കാണൂ. എന്തുകൊണ്ട്?

‘അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവളും കിട്ടിയ ചാന്‍സിനെല്ലാം മറ്റുള്ളവര്‍ക്ക് പാരവക്കുന്നവളുമായിരുന്നു‘ അതു തന്നെ!

ഇത് കേട്ടപാടെ അമ്മാമ്മയുടെ മുഖമൊന്ന് വാടി.

‘സ്വന്തം സുഖങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമായി പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരോര്‍ക്കുക, പരലോകത്ത് നിങ്ങളുടെ സ്ഥാനം, ദിവസേനെ ടണ്‍ ടണ്‍ കണക്കിന് ചിരട്ടകള്‍ കത്തുന്ന നരകത്തിലായിരിക്കും’

ഇതും കൂടി ആയപ്പോള്‍ അമ്മാമ്മയുടെ ഡെസ്പ്, ചങ്കിലേക്കൊരു കഴപ്പായി പടര്‍ന്നുകയറി.

‘മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കണം. ഓരോരുത്തര്‍ക്കും നമ്മാല്‍ കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. അതാണ് ദൈവം നമ്മോട് പറഞ്ഞത്. ഉപദ്രവം ചെയ്യാതിരുന്നതുകൊണ്ട് മാത്രമായില്ല. മത്തായിയുടെ ആട് വന്ന്‍ അന്തോണിയുടെ വാഴ തിന്നുമ്പോള്‍‍, ‘അന്തോണിക്കാ ആ വാഴയുടെ കുല കിട്ടാന്‍ യോഗമില്ല. മത്തായിക്ക് നല്ല തെറി കിട്ടാന്‍ യോഗമുണ്ടേനും!‘ എന്ന് പറഞ്ഞ് പോകുന്നവനായിരിക്കരുത് ഒരു സത്യകൃസ്ത്യാനി!

അത് പറഞ്ഞ് അച്ചന്‍ താഴേക്ക്, പേപ്പറില്‍ അടുത്ത പോയിന്റ് നോക്ക്യ നേരത്ത്, അത്രയും നേരം കണ്ട്രോള്‍ ചെയ്ത് നിന്ന അമ്മാമ്മഒറ്റക്കരച്ചില്‍.

സാധാരണ അരമുക്കാല്‍ മണിക്കൂര്‍ പ്രഭാഷണം നടത്തി പരിപാടി അവസാനിപ്പിക്കാറുള്ള അച്ചനന്ന് ഒന്നര മണിക്കൂറാക്കിയത് അമ്മാമ്മയുടെ ഈ ലൈവ് റെസ്‌പോണ്‍സ് കണ്ടിട്ടായിരുന്നു.

ഓരോ വരിക്കും ശേഷം അമ്മാമ്മ വിങ്ങിപൊട്ടി. നെഞ്ചുതടവി. മൂക്കു ചീറ്റി. കുറ്റബോധം..കുറ്റബോധം..കടുത്ത കുറ്റബോധം!

ഇത് കണ്ട് വല്യച്ചന്‍ കപ്പൂച്ചി അച്ചനോട് ഡോസിത്തിരി കുറച്ചോളാന്‍ കണ്ണുകൊണ്ടാക്ഷന്‍ കാണിച്ചു.

പ്രഭാഷണത്തിനവസാനം, കരഞ്ഞ് തളര്‍ന്ന് വിവശയായ അമ്മാമ്മയുടെ അടുത്തേക്ക് വന്ന അച്ചന്‍, അമ്മാമ്മയുടെ കൂപ്പിപ്പിടിച്ച കൈകളില്‍ പിടിച്ച് ചോദിച്ചു.

‘അപ്പോള്‍ അമ്മാമ്മ നരകത്തിലെക്കൊരു വാഗ്ദാനമാണല്ലേ?’

അതുകേട്ട് കണ്ണ് തുടച്ചുകൊണ്ടമ്മാമ്മ പറഞ്ഞു.

‘അതല്ലച്ചോ. പ്രസംഗിച്ചപ്പോള്‍ അച്ചന്റെ ഈ താടി കിടന്നനങ്ങണത് കണ്ടപ്പോള്‍, തമിഴന്‍ ലോറിയിടിച്ച് ചത്ത എന്റെ ആട്ടുമ്മുട്ടന്‍ പ്ലായല തിന്നണത് ഓര്‍മ്മ വന്നു. ആയിരം രൂപക്ക് ചോദിച്ചിട്ട് കൊടുക്കാണ്ട് നിര്‍ത്തിയതാര്‍ന്നു. സഹിക്കാന്‍‍ പറ്റണില്ല ച്ചോ!‘